2014, ജനു 14

ബുർദ: പഠനം - രണ്ട്

(പൂങ്കാവനം പ്രസിദ്ധീകരിച്ച എന്റെ ബുർദ വ്യാഖ്യാനത്തിന്റെ ഒന്നാം പതിപ്പു തീർന്നെന്നും പുതിയ പതിപ്പിനു വേണ്ടി സാധാരണ വലിപ്പത്തിൽ ലേയൗട്ട് ചെയ്തു കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടതനുസരിച്ച് പരിഷ്കരിച്ച രണ്ടാം പതിപ്പിന്റെ ഒരുക്കത്തിലാണു ഞാൻ. ബുർദയുടെ കവിതാ പരിഭാഷ ഏറെ നേരമിരുന്ന് ഊതിക്കാച്ചി മോടി പിടിപ്പിച്ച് ഇവിടെയും ഫേസ് ബുക്കിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. സമയം വല്ലാതെ നഷ്ടപ്പെടുത്തുന്നു എന്നതു കൊണ്ട് ഫേസ് ബുക്കിനോട് എനിക്കു താല്പര്യം കുറവാണ്‌. ഡോക്കുമെന്റുകൾ പ്രസിദ്ധീകരിക്കാൻ ബ്ലോഗിന്റെ അത്ര സൗകര്യങ്ങൾ മറ്റൊന്നിലും കിട്ടുന്നില്ല.)

ബുർദ: പഠനം - രണ്ട്

ഉപദേശവും കർമ്മവും

'ഉപദേശത്തിന് കര്‍മ്മം നിബന്ധനയാണോ എന്ന ചര്‍ച്ചയില്‍ അല്ലെന്നതാണ് പ്രബലമായ അഭിപ്രായം. കാരണം ഉപദേശം എന്നത് സ്വന്തം നിലയ്‌ക്കൊരു പുണ്യകര്‍മ്മമാണ്. പുണ്യത്തിന് പാശ്ചാത്താപത്തിന്റെ ആവശ്യമില്ല. ചെയ്യേണ്ട കര്‍മ്മം ചെയ്യാതിരിക്കുക എത് ഒരു പുണ്യത്തെ ഒഴിവാക്കലാണ്. ആ ഉപേക്ഷ പാശ്ചാത്താപം ആവശ്യമായ മറ്റൊരു പാപമാണ്. പരമാധി പാപങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കല്‍ അനിവാര്യവുമാണ്. അതുകൊണ്ടാണ് പതിവൃതനല്ലാത്ത പുരുഷനും തന്റെ ഭാര്യയുടെ പാതിവൃത്യത്തിനു വേണ്ടിയുള്ള കല്‍പ്പന നിര്‍ബന്ധമാണെന്ന് പറയുന്നത്. ഇതില്‍ നിന്നൊക്കെ മനസ്സിലാവുന്നത് നിഷ്‌ക്രിയനായ പണ്ഡിതന്‍ വിഡ്ഢിയേക്കാള്‍ നല്ലവനാണെന്നാണ്. ഈ കാലത്ത് പണ്ഡിതന്മാരും പ്രഭാഷകരും സ്വത്വത്തെ പ്രീതിപ്പെടുത്താന്‍ സാരോപദേശങ്ങളൊക്കെയും പാടെ നിറുത്തിക്കളഞ്ഞാല്‍ പിന്നെ മതത്തിലെന്താണ് ബാക്കിയാവുക? 
അപ്പോള്‍ زبد ല്‍
وعالم بعلمه لم يعملن  * معذب من قبل عباد الوثن
(അറിവുണ്ടായി'് അതുകൊണ്ട് പ്രവര്‍ത്തിക്കാത്ത പണ്ഡിതന്‍ വിഗ്രഹാരാധകര്‍ക്കു മുമ്പേ ശിക്ഷിക്കപ്പെടും
ന്നു പറഞ്ഞതോ; അത് വേദക്കാരായ പണ്ഡിതന്മാരെപ്പറ്റിയാണെ് ഒരു വ്യഖ്യാനം. നമ്മുടെ പണ്ഡിതന്മാര്‍ തന്നെയാണെന്ന് വെക്കുമ്പോള്‍ അവരെ ആദ്യം ശിക്ഷിക്കുന്നത് ശിക്ഷിച്ച് ശുദ്ധി വരുത്തി പെട്ടെന്ന് രക്ഷപ്പെടുത്താനാണ് എന്നാണ് മറ്റൊരു വിശദീകരണം.
(ബാജൂരി നോക്കുക)

ബുർദ: മലയാള പദ്യാവിഷ്കാരം _ പരിഷ്കരിച്ച രൂപം (2014)
2011, ജനു 16

ബുർദാവ്യാഖ്യാനത്തിലെ പഠനങ്ങൾ.കട്ടയാടിന്റെ ബുർദാവ്യാഖ്യാനത്തിലെ പഠനങ്ങൾ.

പുസ്തകത്തിന്റെ മുഖത്തിൽ വ്യാഖ്യാനം ബുർദയെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളല്ല (ബുർദയുടെ പല പരാമർശങ്ങളും അത്തരം പഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്)..’ എന്നു പറയുന്നുണ്ടെങ്കിലും ഒരു പഠങ്ങളും ഇല്ലെന്നു വായനക്കാർ ധരിക്കരുത്. പ്രസക്തമായ ചില പഠനങ്ങൾ നിങ്ങൾക്ക് ബ്ലോഗിൽ വായിക്കാം.


ഒന്ന്മൃഷ്ഠാന്ന ഭോജനം.
(ബുർദയുടെ ഇരുപത്തി രണ്ടാം വരിയുടെ വിശദീകരണത്തിൽ നിന്ന്)

മൃഷ്ഠാന്ന ഭോജനമാണ് മിക്കവാറും എല്ലാ രോഗങ്ങൾക്കും കാരണം. ഇസ്ലാം അതിനെ വല്ലാതെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഒരിക്കൽ ഒരവിശ്വാസി തിരുനബിയുടെ അതിഥിയായി എത്തി. അവിടുന്ന് അയാൾക്ക് ഒരാടിനെ കറന്ന് പാൽ കുടിക്കാൻ കൊടുക്കാൻ ഏർപ്പാടു ചെയ്തു. അയാൾക്കതു മതിയായില്ല. പിന്നീട് മറ്റൊന്നിനേയും കൂടി കറന്നെടുത്ത് നൽകാൻ ആവശ്യപ്പെട്ടു. എന്നിട്ടുമയാൾക്ക് വിശപ്പു മാറിയില്ല. അങ്ങനെ മൊത്തം ഏഴു ആടുകളെ കറന്ന പാൽ കുടിച്ച ശേഷം മാത്രം അയാൾ തൃപ്തനായി. ഇസ്ലാം മതം സ്വീകരിച്ച ശേഷം പിന്നീടൊരിക്കൽ അയാൾ അവിടുത്തെ മുമ്പിലെത്തി. തിരുനബി അന്നും ഒരാടിനെ കറന്ന് പാൽ കുടിക്കാൻ നൽകി. അതു മുഴുവൻ കുടിച്ച ശേഷം രണ്ടാമതൊരാടിന്റെ പാലും അയാൾക്കു നൽകി. പക്ഷെ അതും കൂടി കുടിച്ചു തീർക്കാൻ അയാൾക്കു സാധിച്ചില്ല. അവിടുന്നപ്പോൾ ഇങ്ങനെ അരുൾ ചെയ്തു: ‘ഒരു വിശ്വാസി ഒരു വയറിനുള്ളതു കഴിക്കുമ്പോൾ ഒരു അവിശ്വാസി ഏഴു വയറിനുള്ളതു കഴിക്കുന്നു‘.

തിർമുദിയും ഇബ്നു മാജയും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. ‘മനുഷ്യൻ നിറയ്ക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശമായ പാത്രം അവന്റെ വയറാണ്. നടു നിവർന്നു നിൽക്കാനുള്ള ഭക്ഷണം മാത്രം മതി അവന്. അതു പോരെങ്കിൽ വയറിന്റെ മൂന്നിലൊന്ന് അന്നത്തിനും മൂന്നിലൊന്ന് പാനീയത്തിനും ബാക്കി മൂന്നിലൊന്ന് ശ്വാസ്വോച്ഛാസത്തിനും വീത് വെയ്ക്കുക’.

കൂടുതലായി ഭക്ഷണം കഴിക്കുന്നതു കണ്ട അബൂ ജുഹൈഫയോട് തിരുനബി ഇങ്ങനെ പറഞ്ഞു: ‘ദുനിയാവിൽ ഏറ്റവുമധികം ഭക്ഷണം കഴിക്കുന്നവൻ പരലോകത്ത് ഏറ്റവും കൂടുതൽ വിശക്കുന്നവനായിരിക്കും’. ഒരു ദിവസം രണ്ടു നേരം ഭക്ഷണം കഴിക്കുന്നതു കണ്ട പത്നി ആയിഷ ബീവി()യോട് തിരുനബി() ഇങ്ങനെ അരുൾ ചെയ്തു: ‘രണ്ടു നേരം ഭക്ഷണം കഴിക്കൽ അമിത വ്യയത്തിൽ പെട്ടതാണ്. അമിത വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷടപ്പെടുന്നില്ല’. (പുറം 57-58)

കൂടുതലറിയാൻ പുസ്തകം വാങ്ങി വായിക്കുക. യു..യിൽ പുസ്തകം ലഭിക്കാൻ വിളിക്കുക 050-786 94 50

2010, നവം 13

പ്രകാശം കണ്ടുപ്രകാശനം കഴിഞ്ഞു: അൽ ഹംദു ലില്ലാഹ്!!

11/11/10 വ്യാഴം രാത്രി കുണ്ടൂരിലെ ബുർദ മജ്ലിസിൽ വച്ച് കേരളത്തിലെ ഏറ്റവും പ്രശസ്തരായ പണ്ഡിതനമാരിലൊരാളായ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ചെമ്മാട്ടെ വ്യവസായ പ്രമുഖൻ ഇബ്രാഹീം കുട്ടി ഹാജിക്ക് നല്കിക്കൊണ്ട് നിർവ്വഹിച്ചു.

പ്രകാശന കർമ്മത്തിനു പ്രത്യേകം താല്പ്പര്യം കാണിച്ചത് എന്റെ സുഹൃത്തും കുണ്ടൂരിലെ പ്രധാന കാര്യ ദർശിയുമായ സി. ജാഫർ സാഹിബായിരുന്നു. 1988-ൽ ചാപ്പനങ്ങാടിയിലെ ദർസ് പിരിച്ചു വിട്ടപ്പോൾ എന്റെ ഉസ്താദ് സൂപ്പി മുസ്ലിയാർ ചാപ്പനങ്ങാടി ബീരാൻ കുട്ടി മുസ്ലിയാരുമായി ബന്ധപ്പെട്ട് എന്നെ തിരൂരങ്ങാടിക്കടുത്ത് ഏതെങ്കിലും ദർസിൽ ചേർക്കണമെന്ന് അഭ്യർത്ഥിച്ചു. അന്ന് ഞാൻ പി.എസ്.എം.ഓ. കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അങ്ങിനെ ബീരാൻ കുട്ടി മുസ്ലിയാരുടെ കത്തുമായി ഞാൻ കുണ്ടൂരിലെത്തി. ഒന്നര വർഷത്തോളം കുണ്ടൂരിൽ പഠിച്ചു. പറമ്പിൽ പീടികക്കാരൻ ഹമീദ് മുസ്ലിയാരായിരുന്നു അവിടുത്തെ മുദരിസ്. അന്ന് ജാഫർ അവിടെ സ്കൂൾ ക്ളാസുകളുമൊക്കെയായി കഴിയുന്നുണ്ടായിരുന്നു. അതിനു ശേഷം കുണ്ടൂർ ഉസ്താദിന്റെ നിർദ്ദേശപ്രകാരം ഞാൻ തിരൂരങ്ങാടി നടുവിലെ പള്ളിയിലെത്തിപ്പെട്ടു. അന്ന് ജാഫറായിരുന്നു എന്റെ രക്ഷിതാവ്. കുണ്ടൂർ ഉസ്താദ് ജാഫറിനൊപ്പം എന്നെ നടുവിലെ പള്ളിയിലേക്കു പറഞ്ഞയച്ചു. അതൊരു അധ്യായന വർഷത്തിന്റെ മധ്യത്തിലായിരുന്നു. “എന്താണ്‌ ഈ സമയത്തു വരുന്നതെന്ന് തിരൂരങ്ങാടിയിൽ നിന്ന് ആരെങ്കിലും ചോദിച്ചാൽ ‘എനിക്കു കുറച്ചു കടം വന്നു പോയി’ (അതു കൊണ്ടവിടെ നില്ക്കാൻ കഴിയുന്നില്ല) എന്ന് ഒരു സൂത്രം പറഞ്ഞാൽ മതിയെന്ന് മോല്യാരുപ്പാപ്പ എന്നോട് ഉപദേശിക്കുകയും ചെയ്തു. തിരൂരങ്ങാടിയിലെത്തിയത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കീറിപ്പോയ എന്റെ മുണ്ടിനു പകരം അന്ന് പോകുന്ന ദിവസം ജാഫർ എനിക്കൊരു മുണ്ട് തന്ന് സഹായിച്ചത് ഇന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു.
പരിപാടിയിൽ എന്റെ ഉസ്താദ് മമ്പീതി മുഹമ്മദ് കുട്ടി മുസ്ലിയാരും സന്നിഹിതനായിരുന്നു.
കുണ്ടൂർ ഉസ്താദിന്റെ മൂത്ത മകൻ ബാവയും ഈ പരിപാടിക്ക് പ്രത്യേകം സഹായിച്ചിരുന്നു.
തിരൂരങ്ങാടിയിൽ പഠിക്കുന്ന കാലം സ്വന്തം വീട്ടിലേക്കെന്ന പോലെ പല ആഴ്ചകളിലും ഞാൻ കുണ്ടൂരിൽ പോകാറുണ്ടായിരുന്നു. അസ്വസ്ഥനായിരുന്ന പല രാത്രികളിലും വെളിച്ചം പോലും കയ്യിൽ കരുതാതെ തിരൂരങ്ങാടിയിൽ നിന്നും നടന്ന് ഞാൻ കുണ്ടൂരിൽ പോയി തിരിച്ചു വരാറുണ്ടായിരുന്നു.

2010, നവം 11

പ്രകാശനം ഇന്ന് (11/11/2010 - വ്യാഴം)കട്ടയാടിന്റെ
ബുർദ വ്യാഖ്യാനം

പ്രകാശനം
ഇന്ന് (11/11/2010 - വ്യാഴം)
കുണ്ടൂരിലെ ബുർദ മജ്ലിസിൽ വച്ചു നടക്കുന്നു.

സുന്നി ഓൺലൈൻ ക്ളാസ് റൂമിൽ ലൈവ് കാണുക.
സമയം രാത്രി. 9. മണിക്ക്2010, ഒക്ടോ 31

ആദ്യത്തെ കൺമണിഇന്ന് ഒക്ടോബർ മുപ്പത്തൊന്ന്, രണ്ടായിരത്തിപ്പത്ത്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പത്ത് മുപ്പതിന്‌ ഞാൻ എന്റെ സുഹൃത്ത് ഉബൈദ് സഅദിയെ അന്വേഷിച്ച് ഹോർലാൻസിലെ അയാളുടെ ടൈപിങ്ങ് സെന്ററിൽ പോയി. 11. മണിക്കു മുമ്പേ എത്തണമെന്ന് ഉബൈദ് പ്രത്യേകം പറഞ്ഞിരുന്നു. നാദ് അൽ ശിബയിൽ നിന്നും ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴി പോയപ്പോൾ ബ്രിഡ്ജ് ക്ലോസ്ഡ്, പിന്നെ മക്തൂം ബ്രിഡ്ജിനു പിടിച്ചു. പത്തു മണിക്കു ശേഷം ചുങ്കം കൊടുക്കേണ്ട. പക്ഷേ എനിക്ക് അതു വഴി അത്ര പരിചയമില്ല. എങ്ങിനെ പോയാലും തെറ്റി അവസാനം അൽമുല്ല പ്ലാസയുടെ അടുത്തെത്തും, ചിലപ്പോൾ ഷാർജ ബോർഡറിൽ വരേയും. ഇന്നലെയും അതു സംഭവിച്ചു. തിരിച്ച് ഹോർലാൻസിലെത്തുമ്പോൾ പത്തേ അമ്പത്തിയഞ്ച്.
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. രണ്ടാഴ്ചയിലധികമായി ബുർദ ഇറങ്ങിയിട്ടെന്ന് പൂങ്കാവനത്തിലേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. അന്നു മുതൽ ഞാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തു നില്ക്കുകയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തെ പേറ്റുനോവിനൊടുവിൽ അച്ചടിച്ചു വന്ന എന്റെ പുസ്തകം കണ്ടപ്പോൾ ഞാൻ സന്തോഷം കൊണ്ടു വീർപ്പു മുട്ടി. അല്ലാഹുവിന്‌ ആയിരം സ്തുതികളർപ്പിച്ചു. ഇതു വായിക്കുന്നവർക്ക് ഈ സന്തോഷത്തിന്റെ തോത് അറിയാൻ കഴിയില്ല. അതറിയണമെങ്കിൽ നിങ്ങളും ഒരു പുസ്തകത്തിനു ജന്മം നല്കണം. വഴിക്കു വെച്ച് വണ്ടി സൈഡാക്കി മുഴുവനും വീണ്ടും വീണ്ടും മറിച്ചു നോക്കി. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിരിക്കുന്നു. അൽ ഹംദുലില്ലാഹ്. വില അല്പ്പം കൂടിപ്പോയെന്ന് എനിക്കു തോന്നാതിരുന്നില്ല. പക്ഷേ അത് എന്റെ അധികാര പരിധിയിൽ വരുന്നതല്ലല്ലോ. നാട്ടിലെ നിലവിലുള്ള മാർകറ്റ് റൈറ്റനുസരിച്ച് ഇതു പോലൊരു പുസ്തകം 5000 കോപ്പിയെങ്കിലും അടിക്കാൻ ചുരുങ്ങിയത് മൂന്നോ നാലോ ലക്ഷം രൂപയെങ്കിലും വേണ്ടി വരും. മുടക്കിയ മുതൽ തിരികെ ലഭിക്കണമെങ്കിൽ കാലം പിന്നെയും പിടിക്കും. ഏതായാലും പ്രസിദ്ധീകരിച്ചവർക്ക് അല്ലാഹു മുതലും ലാഭവും തിരിച്ചു കൊടുക്കട്ടെ. എന്നാലല്ലെ അവർക്കു പിന്നെയും ഇതു പോലെയുള്ള പുസ്തകങ്ങൾ അടിച്ചിറക്കാൻ താല്പ്പര്യമുണ്ടാവുകയുള്ളൂ.

2010, ഓഗ 17

സീ ഫൈസിയും ബുർദയും ഞാനും.സീ ഫൈസിയും ബുർദയും ഞാനും.

മർകസ് സ്ഥാപനങ്ങളുടെ ജനറൽ മാനേജരാണ്‌ സീ മുഹമ്മദ് ഫൈസി. പ്രസിദ്ധ പണ്ഡിതനും വാഗ്മിയുമായ സീ അബ്ദുറഹ്‌മാൻ മുസ്ല്യാരുടെ മകനും കാന്തപുരം എ.പി. അബൂ ബക്കർ മുസ്ലിയാരുടെ മൂത്ത മകൾ മൈമൂനയുടെ ഭർത്താവുമാണ്‌ സീ ഉസ്താദ്. കൊടുവള്ളിക്കടുത്ത പന്നൂർ സ്വദേശിയും. ഒരു തികഞ്ഞ പണ്ഡിതനും പയറ്റിത്തെളിഞ്ഞ പ്രഭാഷകനും എഴുത്തുകാരനുമാണ്‌. ഒരു വിഷയത്തെക്കുറിച്ച് സി സംസാരിക്കുമ്പോൾ അനുബന്ധമായി പറയുന്ന ഖുർആൻ വാക്യങ്ങളും ഹദീസ് വചനങ്ങളും കേട്ടാൽ അവ ഇന്ന് അതിനു വേണ്ടി മാത്രം അവതരിച്ചതാണെന്ന് നമുക്കു തോന്നിപ്പോകും.
എങ്കിൽ തന്നെയും കക്ഷി ഒരു ഗൗരവക്കാരനും അടുക്കാൻ പ്രയാസമുള്ളയാളുമാണെന്ന ഒരു ധാരണ അധികമാളുകളുടെയും മനസ്സിലും വാക്കിലുമുണ്ട്. എന്നാൽ അടുത്തറിഞ്ഞവർ പറയുന്നത് ആ വ്യക്തിത്വം ഉള്ളിപോലെ പൊളിച്ചു നോക്കിയാൽ പ്രതീക്ഷിക്കുന്നതൊന്നും തന്നെ കാണാൻ കഴിയില്ല എന്നാണ്‌. എന്റെയും അനുഭവം മറിച്ചൊന്നല്ല. ഞാൻ പലപ്പോഴും സീ ഉസ്താദുമായി ശണ്ഠ കൂടിയിട്ടുണ്ട്. മർകസിലുള്ള കാലത്ത് എനിക്ക് കാന്റീലിലും മറ്റും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. അക്ഷോഭ്യനായ ഒരു നിമിഷം ഞാൻ അദ്ദേഹത്തിനെക്കുറിച്ച് കവിതയെഴുതി. ശരീഅത്ത് കോളേജിലെ ഒരു പൊതു പരിപാടിയിൽ ഞാൻ അവതരിപ്പിച്ച കവിത തുടങ്ങുന്നതിങ്ങനെയാണ്‌

“സീ കടലാകുന്നു
കടലിലെ തിരയാകുന്നു,
തിരയുടെ നുരയാകുന്നു....,
നുരയുടെ ചിരിയാകുന്നു.
(മൂന്നാമത്തെ വരിയിൽ ചെറിയ അമർഷം ഉണ്ടെങ്കിലും ബാക്കിയെല്ലാം അദ്ദേഹത്തിന്റെ ‘മദ്ഹാ’കുന്നു.)

അദ്ദേഹത്തിന്റെ ചില വിശേഷണങ്ങൾ ഇങ്ങനെ പറഞ്ഞതും ഞാനോർക്കുന്നു.

“സൂക്ഷിക്കണം കടലമ്മ കോപിച്ചിടും
കോപാഗ്നിയിൽ പെടിലെല്ലാം നശിച്ചിടും.
കൈവെള്ള പോലെ പരിചയമുണ്ടെന്ന
കൈമുതലൊന്നും ചിലപ്പോൾ ഫലപ്പെടാ”

ഇതൊക്കെ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ മഹത്വം ഞാൻ കാണാതിരുന്നിട്ടില്ല.

“ആഴിയൊരക്ഷയ പാത്രമാണൗദാര്യ
ക്ഷീരം ചുമത്തുന്ന കാമധേനു”.

ഒരിടവേളയ്ക്കു ശേഷം വീണ്ടും ഞാൻ മർകസിൽ(ആർട്സ് കോളേജിൽ) ജോലിക്കു ചേർന്നപ്പോഴും കക്കാട് മുഹമ്മദ് ഫൈസിയും സീ ഉസ്താദും തമ്മിലുണ്ടായ ഒരു പ്രശ്നത്തിലും ഞാൻ ബലിയാടായിട്ടുണ്ട്. ധാർമ്മികമായി അന്നു കക്കാടിനെ അനുകൂലിച്ചിരുന്നെങ്കിലും പ്രശ്നങ്ങളിൽ ഞാൻ നിരപരാധിയായിരുന്നു.

മർകസിന്റെ കേറോഫിൽ തന്നെ എനിക്കു ആയിടയ്ക്ക് ദുബായിലേക്ക് ഒരു വിസ ശരിയായി. ദുബായിൽ നിന്നും ഒരിക്കൽ സീ ഉസ്താദിനെ സന്ദർശിക്കാൻ ഞാൻ ദേരയിലെ മർകസ് ഓഫീസിൽ ചെന്നപ്പോൾ സീ ഉസ്താദ് പറഞ്ഞു: “ഇവൻ കാര്യമങ്ങനെയൊക്കെയാണെങ്കിലും നമ്മളോട് സ്നേഹമുള്ളവനാണ്‌. അതു കൊണ്ടാണല്ലോ എന്നെ കാണാൻ വരുന്നത്”. അതു വളരെ ശരിയാണ്‌.
ഞാൻ സീ എന്ന വ്യക്തിത്വത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ കസേരയുടെ വലിപ്പമാകാം അദ്ദേഹത്തിന്‌ ഒരു കേരള പോലീസിന്റെ പരിവേഷം നേടിക്കൊടുത്തത്. പല സദസ്സുകളിലും ക്ളാസ്സുകളിലും വെച്ച് ഉസ്താദ് ചെറുതാണെങ്കിലും എന്റെ കഴിവുകളെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. മർകസ് സോവനീറിൽ ഞാനെഴുതിയ മുഖ ലേഖനത്തിൽ സമർത്ഥമായി നടത്തിയ ഒരു തിരിമറി വർഷങ്ങളുക്കു ശേഷം സീ കൈയ്യോടെ പിടിച്ചിരുന്നു. ലേഖനം ആരംഭിക്കുന്നത് “പ്രകൃതി രമണീയമായ വയനാടൻ മാമലകളിറങ്ങി കോഴിക്കോട് നഗരത്തിലേക്കു പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന മർകസ്..” എന്നായിരുന്നു. അതായത് കോഴിക്കോട് വയനാടു റോഡ് എന്നു പറയുന്നതിനു പകരം വയനാട് കോഴിക്കോട് റോഡ് എന്നു പറഞ്ഞു കളഞ്ഞു. രണ്ടു വർഷത്തിനു ശേഷം സീ അതു കണ്ടു പിടിച്ചു. “നീ നിന്റെ നാടിനെ പൊക്കിപ്പറഞ്ഞിരുക്കയാണല്ലേ, വിരുതൻ”

ബുർദയെക്കുറിച്ചുള്ള ചർച്ചയിൽ സീ ഉസ്താദ് കടന്നു വരുന്നത് മറ്റൊരു പ്രശ്നത്തിലാണ്‌. മൂന്നു നാലു കൊല്ലം മുമ്പ് ഒരിക്കൽ ഞാൻ എന്റെ ബുർദ വ്യാഖാനവുമെടുത്ത് ഉസ്താദിനെ സമീപിച്ചത് അതൊന്നു വായിച്ച് എഡിറ്റു ചെയ്തു തരാനായിരുന്നു. ഇവിടെ ഉണ്ടാകുന്ന ഒരു മാസത്തിനുള്ളിൽ അതു ചെയ്തു തരുമെന്ന് ഞാൻ പരതീക്ഷിച്ചു. പക്ഷേ സമയം അതിനനുവദിച്ചില്ല. ഉസ്താദത് ഏറ്റെടുക്കാൻ തയ്യാറായുമില്ല. എന്നാലും എന്റെ പുസ്തകം മറിച്ചു നോക്കിയ സീ ബുർദയുടെ അൻപത്തിയെട്ടാം വരിയുടെ വ്യഖാനം വായിച്ച് ഇതു ശരിയല്ലെന്നു പറഞ്ഞു. “തിരുനബിയുടെ ഖബറിടം ചുംബിക്കുന്നതും മണക്കുന്നതും കറാഹത്താണ്‌” എന്ന വരിയിലാണ്‌ സീ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഞാൻ പറഞ്ഞു: “അങ്ങിനെ ഇബുനുജഹറിന്റെ (റ) ശറഹിലുണ്ട്”. എന്നിട്ടും അദ്ദേഹമതു സമ്മതിച്ചു തന്നില്ല. ഞാൻ നിരാശനായി. മഹാനായ ഒരു പണ്ഡിതൻ പറഞ്ഞ കാര്യം തിരുത്താൻ ഞാൻ തയ്യാറുമായിരുന്നില്ല.
കാര്യം ഇവിടെ അവസാനിക്കുന്നില്ല. പിന്നീടാണ്‌ പ്രസിദ്ധനായ സിറിയൻ പണ്ഡിതൻ മുഹമ്മദ് ഈദ് യഅഖൂബിന്റെ ബുർദ വ്യഖ്യാനം ഞാൻ കാണുന്നത്. അതിൽ അദ്ദേഹം പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് സീ ഉസ്താദിനോട് ആദരവു തോന്നി. തെളിവു സഹിതം മുഹമ്മദ് ഈദ് പറയുന്ന കാര്യം എന്റെ വ്യാഖാനത്തിൽ ഇങ്ങനെ വായിക്കാം.
“തിരുനബിയുടെ ഖബറിടം ചുംബിക്കുന്നത് കറാഹത്താണെന്ന് മഹാന്മാരായ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്‌. പക്ഷേ അതനുവദനീയമാണെന്ന് പ്രസ്താവിക്കുന്ന വേറെ മദ്ഹബും ഉണ്ട്. തിരുനബിയുടെ പുന്നാര മകൾ ഫാതിമാ ബീവി(റ) അവിടുത്തെ വിശുദ്ധമായ ഖബറിന്റെ മണ്ൺ ചുംബിച്ചതായി ഹദീസിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതു കൊണ്ടു മാത്രം അവർ മതിയാക്കിയില്ല. മഹതി എന്നിട്ടിങ്ങനെ പാടുകയും ചെയ്തു.

(അബൂ അയ്യൂബ് അൽ അൻസാരി(റ)യും ബിലാൽ (റ)യും മറ്റും ചുംബിച്ച സംഭവങ്ങളും മറ്റും എന്റെ അറബി വ്യഖ്യാനത്തിൽ വിശദീകരിക്കുന്നുണ്ട്)

N.B.
സീ ഉസ്താദിന്റെ മഹാ മനസ്കതയെക്കുറിച്ച് ഒരു സംഭവവും കൂടി. 1997-ൽ സൗദിയിലേക്ക് പോകുമ്പോൾ എനിക്കു വിസ ശരിയാക്കിക്കത്തന്ന മാവൂർ സ്വദേശിയായ ഒരു സുഹൃത്തിന്‌ 10,000 രൂപയും കൂടി കൊടുക്കേണ്ടിയുന്നു. പോകുന്ന അന്നു രാവിലെ വരേ എനിക്കു കാശു ശരിയായില്ല. എന്റെ യാത്ര തന്നെ അവതാളത്തിലാകുമോ എന്ന് സംശയിച്ച ആ നിർണ്ണായക ഘട്ടത്തിൽ ഞാൻ സീ ഉസ്താതിന്റെ റൂമിൽ ചെന്ന് നിറകണ്ണുകളോടെ സങ്കടം പറഞ്ഞു. ഉടനെ ഉസ്താദ് എനിക്ക് 10,000 എടുത്തു തന്നു. ഞാനതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു മാസത്തിനുള്ളിൽ ഞാനതു കൊടുത്തു വീട്ടുകയും ചെയ്തു. ഞാൻ ഒന്നുകൂടി പറയുന്നു. സീ കടലാകുന്നു.

2010, ജൂലൈ 19

ബുർദയും എ.പി. ഉസ്താദും ഞാനും.


എന്റെ ബുർദാനുഭവങ്ങൾ:
ബുർദയും എ.പി. ഉസ്താദും ഞാനും.

എന്റെ ബുർദ വ്യാഖ്യാനത്തിന്‌ ഒരാശിർവാദം എഴുതി വാങ്ങിക്കാനായി അഞ്ചെട്ടു തവണ ഞാൻ എ.പി. ഉസ്താതിനെ സമീപിച്ചിരുന്നു. രണ്ടു വർഷം മുമ്പൊരിക്കൽ ഉസ്താദിനെ എന്റെ പുസ്തകം കാണിക്കുകയും അറബിയിൽ ഒരാശംസ വാങ്ങിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്റെ പക്കൽ നിന്നും അതിന്റെ ഒരിജിനൽ എവിടെയോ നഷ്ടപ്പെട്ടു പോയി. പിന്നീട് മലയാളത്തിൽ തന്നെ ഒരു ആശംസ വാങ്ങിക്കാനായി പലവട്ടവും ഞാൻ സമീപിച്ചു. ഉസ്താദിന്റെ തിരക്കുകൾക്കിടയിൽ എനിക്കീ വിഷയം അവതരിപ്പിക്കാനോ നേരിട്ട് കാണാൻ പോലുമോ കഴിഞ്ഞില്ല. അവസാനം ഉസ്താദ് ദുബായിലെത്തിയിട്ടുണ്ടെന്നറിഞ്ഞ ഉടനെ ഞാൻ ഉസ്താദ് താമസിക്കുന്ന ദേരയിലെ ഫ്ലോറ ക്രീക് ഹോട്ടലിൽ അതിരാവിലെ എത്തി. എന്റെ പുസ്തകത്തിന്റെ ആദ്യത്തെ കുറെ പേജുകളുടെ പ്രിന്റും കൈയ്യിലുണ്ടായിരുന്നു. ഉസ്താദ് പുസ്തകത്തിന്റെ ആദ്യത്തെ മൂന്നു പേജുകൾ സസൂക്ഷ്മം വായിച്ചു. ഊതിയൂതിക്കാച്ചിയെടുത്ത എന്റെ പുസ്തകത്തിൽ ഉസ്താദിനു കാണാൻ ഒരു തെറ്റുമുണ്ടാകരുതേ എന്നു ഞാൻ പ്രാർത്ഥിച്ചു. എന്നിട്ടും ഉസ്താദ് അതിലൊരു തെറ്റു കണ്ടു പിടിച്ചു. ഞാൻ എന്റെ അഹംബോധത്തെ ഇത്രയേറെ കുറ്റം പറഞ്ഞ മറ്റൊരു സന്ദർഭവുമുണ്ടായിക്കാണില്ല. തെറ്റു കണ്ടത് അറബിയിലായിരുന്നെങ്കിൽ എനിക്കല്ഭുതമില്ലായിരുന്നു. ഉസ്താദ് ആദ്യത്തെ പേജിൽ തന്നെ നോക്കി എന്നോടു പറഞ്ഞു: “ശ്രോദ്ധാവ്” എന്നെഴുതിയത് തെറ്റാണല്ലോ?. അപ്പോഴാണ്‌ ഞാനുമതു ശ്രദ്ധിക്കുന്നത്. പത്താം ക്ളാസ്സുവരേ മലയാളം, ഡിഗ്രിക്കും മലയാളം!!. എനിക്കു ലജ്ജ തോന്നി. അകാദമിക് വിദ്യാഭാസങ്ങൾ നാലാം ക്ളാസുകാർക്കു മുമ്പിൽ അടിയറവു പറയേണ്ടി വന്ന എന്റെ തല ആ വലിയ കണ്ണുകൾക്കു മുമ്പിൽ കുനിഞ്ഞു പോയി. ഞാനതു പിന്നീട് “ശ്രോതാവ്” എന്നു തിരുത്തി.

2009, മാർ 28

ഖസീദതുൽ ബുർദ മലയാള വ്യാഖ്യാനങ്ങൾ.

പരമ്പര - ഒന്ന്
"ഖസീദതുൽ ബുർദ: പദ്യ വിവർത്തനം, സവ്യാഖ്യാനം"
ഗ്രന്ഥ കർത്താവ്‌: മൈലാപ്പൂരു ഷൗക്കത്താലി മൗലവി.
പ്രസാധനം: കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്‌.
വില: 100 രൂപ
ആദ്യ പതിപ്പ്‌: മെയ്‌. 2005
-----------

ഏകദേശം പത്തോളം മലയാള ബുർദ വ്യാഖ്യാനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്‌. അതിൽ തിരൂരങ്ങാദിയിലെ C.H പ്രസ്സ്‌ പുറത്തിറക്കിയ ബുർദ
വിവർത്തനമൊഴികെ മറ്റെല്ലാം ബുർദയുടെ ആശയങ്ങളോട്‌ നീതി പുലർത്തുന്നവയാണ്‌. അത്‌ അവർ മൗലിദ്‌ കിതാബുകൾ പോലെ ബിസിനസ്സ്‌ ആവശ്യാർത്ഥം യൂണിവേർസിറ്റി വിദ്യാർത്ഥികൾക്കു വേണ്ടി പുറത്തിറക്കിയതാണ്‌. (ബിസിനസ്സിൽ ചിലർക്ക്‌ "ശിർക്കുകൾ" ഒന്നും പ്രശ്നമാകാറില്ല.)

മറ്റെല്ലാ
ബുർദ വ്യാഖ്യാനങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച കൈകളെ നാം പ്രശംസിക്കണം. പക്ഷേ ദു:ഖകരമെന്ന് പറയട്ടെ, പല വ്യാഖ്യാനങ്ങളുടെയും ഭാഷ വളരെ നിലവാരം കുറഞ്ഞതാണ്‌. ചില വ്യാഖ്യാനങ്ങളിൽ വ്യഖ്യാതാക്കളുടെ അറബി ഭാഷ പരിജ്ഞാനക്കുറവും പ്രകടമാണ്‌.
എന്നാൽ എന്നെ ഏറ്റവുമധികം ആകർഷിച്ച
ബുർദ മലയാള വ്യാഖ്യാനം മൈലാപ്പൂരു ഷൗക്കത്താലി മൗലവിയുടെ "ഖസീദതുൽ ബുർദ പദ്യ വിവർത്തനം സവ്യാഖ്യാനം" എന്ന പുസ്തകമാണ്‌. രണ്ടു ഭാഷയിലും പ്രത്യേകിച്ച്‌ മലയാള കവിതയിലുമുള്ള അദ്ദേഹത്തിന്റെ പാഠവം സമ്മതിച്ചു കൊടുക്കേണ്ടതു തന്നെയാണ്‌. നിരവധി അലങ്കാരങ്ങളാൽ സമ്പുഷ്ടമായ ബുർദയിലെ അലങ്കാരങ്ങളെ പലതും ലക്ഷണങ്ങൾ നിരത്തി മലയാളത്തിൽ തന്നെ വിശദീകരിക്കാൻ നടത്തിയ ശ്രമം മറ്റൊരു പുസ്തകത്തിലും കണ്ടിട്ടില്ല.ബുർദയുടെ ഓരോ വരിക്കും രണ്ട്‌ ഈരടികളിലായി പദ്യ വിവർത്തനം ഷൗകത്താലി മൗലവി നടത്തിയിട്ടുണ്ട്‌. ബുർദയുടെ പദ്യ വിവർത്തനത്തിന്‌ അദ്ദേഹം ഏകദേശം നാൽപതു വർഷം മുമ്പു തന്നെ തുടക്കം കുറിച്ചിരുന്നുവേന്നും ആമുഖത്തിൽ പറയുന്നുണ്ട്‌. അതിനു മുമ്പ്‌ മറ്റാരെങ്കിലും അങ്ങിനെ ചെയ്തിട്ടുണ്ടോ എന്നും തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. മൊയ്തു മൗലവിക്കൊരു പദ്യവിവർത്തനമുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്‌. കുറെ മുമ്പ്‌ ചന്ദ്രികയിൽ വഞ്ചിപ്പാട്ടിന്റെ രീതിയിൽ ഒരു ബുർദ പദ്യാവിഷ്കാരം പ്രസിധീകരിച്ചിരുന്നുവേന്ന് ഒരു സുഹൃത്ത്‌ എന്നോട്‌ പറഞ്ഞതായി ഓർക്കുന്നു. പക്ഷേ ഇതു രണ്ടും ഞാൻ കണ്ടിട്ടില്ല. (ഇതു വായിക്കുന്ന ആരുടെയെങ്കിലും കൈവശം അവയുണ്ടെങ്കിൽ ഈയുള്ളവനെ അറിയിക്കണമെന്നപേക്ഷിക്കുന്നു)
ജനാബ്‌: മയിലാപ്പൂരു നന്നായി അറബി അറിയുന്ന ഒരു പണ്ഡിതനാണ്‌. അദ്ദേഹം വ്യാഖ്യാനത്തിൻ ആശ്രയിച്ച അറബി ഗ്രന്ഥം ബാജൂരിയാണ്‌ എന്ന് ആമുഖത്തിൽ പറയുന്നുണ്ട്‌. അദ്ദേഹത്തിന്റെ മലയാളം കവിതകൾ ആശാൻ കവിതകളെ ഓർമ്മിപ്പിക്കുന്നു. അത്‌ സാധാരണക്കാർക്ക്‌ അത്രമേൽ ദഹിക്കില്ല. പക്ഷേ ഭാഷ പണ്ഡിതന്മാർ രണ്ടു കൈയ്യും നീട്ടി അതു സ്വീകരിക്കും. നിലവാരമുള്ള പുറം ചട്ട. ഭംഗിയുള്ള ടൈപ്‌ സെറ്റിംഗ്‌, ഒരൊതുങ്ങിയ പുസ്തകം. എന്നാൽ അറബി ഫോണ്ടുകൾ കുറച്ചു കൂടി "അഡ്‌വാൻസ്ഡ്‌" ആക്കാമായിരുന്നു. എങ്ങനെയായാലും മറ്റുള്ളവരുടെ മുമ്പിൽ കാണിച്ചു കൊടുക്കാൻ പറ്റിയ ഒരു വ്യാഖ്യാനമാകുന്നു മയിലപ്പൂരു ശൗക്കത്താലി മൗലവിയുടെ
ബുർദ .

2009, മാർ 26

എന്തു കൊണ്ട്‌ "ബുർദ" ലോകം കീഴടക്കി?

എന്തു കൊണ്ട്‌ "ബുർദ" ലോകം കീഴടക്കി?
ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക സ്തുതി ഗീതം ഏതാണെന്ന് ചോദിച്ചാൽ അതിന്‌ ഒരേ ഒരുത്തരമേയുള്ളൂ. അത്‌ "ഖസീദതുൽ ബുർദ" എന്നാകുന്നു. ശ്രേഷ്ടതയുടെ കാര്യത്തിൽ നമുക്ക്‌ ഔരു തിരഞ്ഞെടുപ്പിനധികാരമില്ല. കാരണം മഹാന്മാരായ സഹാബി വര്യന്മാർ മനോഹരങ്ങളായ കീർത്തന കാവ്യങ്ങളെഴുതിയിട്ടുണ്ട്‌. അത്‌ മറ്റെന്തിനേക്കാൾ പവിത്രവുമാണ്‌.

എന്തു കൊണ്ട്‌ ബുർദ ഏറ്റവും പ്രശ
സ്തവും ദേശങ്ങളുടെയും ഭാഷകളുടെയും അതിർ വരമ്പുകൾ ഭേദിച്ച്‌ ഏറ്റവും പ്രചാരമുള്ളതുമായിത്തീർന്നു?. ഈ വിനീതനു മനസ്സിലായ ചില കാരണങ്ങൾ താഴെ കൊടുക്കുന്നു:

1. പവിത്രമായ പ്രമേയം (The theme):
ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിയൊഴു
ക്കുകയും വളരെക്കുറഞ്ഞ കാലം കൊണ്ട്‌ പുതിയൊരു ലോക സംവിധാനം പടുത്തുയർത്തുകയും ചെയ്ത്‌ അരങ്ങ്‌ ഒഴിഞ്ഞ ഒരു ചരിത്ര നായകന്റെ വീരേതിഹാസം തന്നെ സ്വന്തം കവിതക്ക്‌ പ്രമേയമാകുമ്പോൾ അതിൻ പത്തര മാറ്റിന്റെ കാന്തിയുണ്ടാകുമെന്നതിൽ സംശയമില്ല. കവിതയിലായാലും, നോവലിലായാലും, ചലചിത്രത്തിലായാലും ചരിത്രത്തേയും ചരിത്രപുരുഷന്മാരേയും പുന:സൃഷ്ടിക്കുമ്പോൾ അതിന്‌ വെറും ഭാവനാ സൃ്ടികളേക്കാൾ അംഗീകാരം ലഭിക്കും. യാഥാർത്ത്യങ്ങളോട്‌ നീതി പുലർത്തുന്നുവേങ്കിൽ തീർച്ചയായും.

ഒരു മനുഷ്യനെക്കുറിക്ക്‌ പ്രശംസിക്കാവുന്നതിന്റെ ഉച്ചിയിൽ കയറി നിന്നു കൊണ്ട്‌ ഇമാം ബൂസീരി(റ) പാടി:


2. ആശയങ്ങളിലെ തത്വ ശാസ്ത്രം (T
he philosophy)
ബുർദ ഒരു കീർത്തന കാവ്യമെന്നതില
പ്പുറം ഒരു തത്വ ശാസ്ത്ര സംഹിതയും കൂടിയാണ്‌. പലതും കവി തന്നോട്‌ തന്നെയാണ്‌ സംസാരിക്കുന്നതെങ്കിലും കേൾക്കുന്നത്‌ ലോകം മുഴുവനുമാണ്‌.
ഭൗതിക ലോകത്തിന്റെ മാ
സ്മരികതയിലകപ്പെട്ട്‌ സ്വത്ത്വത്തെ മറന്ന് സ്വൈര വിഹാരം നടത്തുന്ന സ്വന്തം ശരീരത്തെ നേർവ്വഴിക്കു നടത്താനുള്ള ശ്രമം നമുക്ക്‌ ഈ കവിതയിൽ കാണാം. ഖേദവും പാക്ഷാത്താപവും ഉപദേശവും പ്രതീക്ഷയും ഇവിടേക്കു കടന്നു വരുന്നു. കവിയുടെ വാക്കുകൾ ശ്രദ്ധിക്കുക:


3. ആക
ണീയമായ ശൈലി: (The style)
പൗരാണിക അറബിക്കവികളുടെ ചുവടു പിടിച്ചാണ്‌ ഇമാം ബൂസൂരിയും തന്റെ കാവ്യത്തെ അണിയിച്ചൊരുക്കുന്നത്‌. മനോഹരമായൊരു ശൈലിയാണത്‌.
മൗദൂി പ്രസ്ഥാനത്തിൽ ആകൃഷ്ടനായ എന്റെ
ഒരു സുഹൃത്ത്‌ ഒരിക്കൽ എന്നോട്‌ ചോദിച്ചു: "സുന്ദരിയായ ഒരു സ്ത്രീയെ വർണ്ണിക്കുന്ന ബുർദ എന്തിനാണ്‌ നിങ്ങൾ രോഗ ബാധിതരായി കിടക്കുന്നവരുടെ അടുക്കൽ ചെന്ന് ചൊല്ലുന്നത്‌?" എന്ന്‌. അന്ന് ഞാൻ ബുർദ്ദയെ പരിചയപ്പെട്ടിട്ടില്ലായിരുന്നു. അയാൾക്കും അയാൾക്കതു പറഞ്ഞു കൊടുത്ത ആൾക്കും അറബിക്കവിതകളെപ്പറ്റിയും പൗരാണിക അറബിക്കവികളെ പറ്റിയും ഒരു ചുക്കുമറിയില്ലെന്ന് പിന്നീട്‌ എനിക്കു മനസ്സിലായി. ഏറ്റവും ചുരുങ്ങിയത്‌ സഹാബി പ്രമുഖൻ കഅബുബിൻ സുഹൈർ(റ) എഴുതിയ "ബാനത്‌ സുആദ" യെങ്കിലും അവർ കാണേണ്ടതായിരുന്നു. പുരാതന അറേബ്യൻ ഖണ്ഢ കാവ്യങ്ങൾ (ഖസീദകൾ) തുടങ്ങുന്നത്‌ അനുരാഗ സ്മരണകളെ അയവിറക്കി കൊണ്ടാണ്‌. നഷ്ടസ്മൃതികളെ ഓർത്ത്‌ വിലപിക്കുകയും പ്രേമഭാജനങ്ങളുടെ വർണ്ണാഭമായ ഭൂത കാലങ്ങളെ വർണ്ണിക്കുകയും ചെയ്ത്‌ അവർ വായനക്കാരെ ത്രസിപ്പിച്ച്‌ കൂടെ നിർത്തുകയും മെല്ലെ മെല്ലെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക്‌ കൂട്ടികൊണ്ടു പോവുകയും ചെയ്യുന്നു. ഈ ശൈലി നമുക്കു പുതിയതാണെങ്കിലും അറബികൾക്ക്‌ സുപരിചിതമാണ്‌.

4. മനോഹരമായ ഘടന (The structure)
ശ്രദ്ധിച്ചു നോക്കിയാൽ ബുർദ്ദയുടെ ഘടന വളരെ മനോഹരമാണെന്ന് കാണാം. പ്രേമ പരവശനായിരിക്കുന്ന കാമുകന്റെ (കവിയുടെ) ആത്മ നൊമ്പരങ്ങളിൽ തുടങ്ങി, വഴിതെറ്റി നടക്കുന്ന ശരീരത്തിന്റെ അവസ്ഥകളെ കുറിച്ച്‌ വിലപിക്കുന്ന കവി സ്വയം വിമർശനം നടത്തുകയും ശരീരത്തെ ഉപദേശിക്കുകയും ചെയ്യുന്നു. അങ്ങനെ മഹത്തായ ഒരു കർമ്മത്തിനു വേണ്ടി തന്നെത്തന്നെ പാകപ്പെടുത്തിയ ശേഷം തന്റെ മുഴുവൻ പ്രതീക്ഷകളുടെയും ആശാകേന്ദ്രവും അഭയ സ്ഥാനവുമായ തിരുനബിയെ പാടിപ്പുകഴ്ത്തി പതുക്കെപ്പതുക്കെ നടന്നു ചെന്ന് അവിടുത്തെ മുമ്പിലെത്തുന്നു. അതിനിടയിൽ അദ്ദേഹം തിരുപ്പിറവിയെക്കുറിച്ചും അവിടുത്തെ ഏറ്റവും വലിയ മുഅ്ജിസത്തായ (ദൃഷ്ടാന്തം) ഖുർആനിനെക്കുറിച്ചും ആകാശ യാത്രകളെക്കുറിച്ചും അവിടുത്തെ നിഴലു പോലെ പിൻതുടർന്ന സഖാക്കളെക്കുറിച്ചും ഏറെ പറയുന്നുണ്ട്‌. തിരുനബിയുടെ മുൻപിലെത്തിയ കവി ഒടുവിൽ അവിടുത്തോട്‌ തവസ്സുൽ ചെയ്യുന്നു. അവിടുത്തെ ശഫാഅത്തുകളിൽ പ്രതീക്ഷകളർപ്പിക്കുന്നു.


5. പാരായണത്തിലെ സംഗീതാത്മകത. (The Music)
വല്ലാത്തൊരു മാസ്മരികത ബുർദ്ദയുടെ വരികൾക്കുണ്ട്‌. ഏതു നാട്ടുകാർ ഏതു രീതിയിൽ ആലപിക്കുമ്പോഴും അത്‌ കർണ്ണാനന്തകരമായി അനുഭവപ്പെടുന്നു. ഹൃദയങ്ങൾ അനുഭൂതികളുടെ താളം പിടിക്കുന്നു. സംഗീതത്തിന്‌ സാരോപദേശങ്ങളേക്കാൾ ചിലപ്പോൾ ഭക്ത മനസ്സുകളെ സ്വാധീനിക്കുവാൻ കഴിയും എന്ന് ബുർദ്ദ തെളിയിക്കുന്നു.

6. സംശുദ്ധമായ ഭാഷ. (The Language)
ബുർദ്ദയുടെ ഭാഷ വലിയ ഭാഷാ പണ്ഡിതന്മാരെപ്പോലും അൽഭുതപ്പെടുത്തിയിട്ടുണ്ട്‌. "മീം" എന്ന അക്ഷരം കൊണ്ടാണ്‌ ബുർദ്ദയുടെ എല്ലാ വരികളും അവസാനിക്കുന്നത്‌. പ്രാസത്തിനു വേണ്ടി മാത്രം എവിടെയും ഒരു വാക്കു പോലും ഉപയോഗിച്ചതായി നമുക്ക്‌ തോന്നുകയേ ഇല്ല. ബുർദ്ദയുടെ ചില വരികളും ചില പ്രയോഗങ്ങളും അറബി ഭാഷയിൽ പഴമൊഴികൾ പോലെ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്‌. ഉദാഹരണം:

ചില വർണ്ണനകൾ സാഹിത്യത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ പ്രയോഗങ്ങളാണ്‌. ഉദാഹരണം:


ആദ്യത്തെ വരിയിൽ മുത്തുകൾ
തിരു ദന്തങ്ങളെ പോലെ എന്നാണ്‌ പറയുന്നത്‌. രണ്ടാമത്തെ വരിയിൽ ദളങ്ങളിലൊളിച്ചിരിക്കുന്ന പുഷ്പം പടയങ്കിയിട്ട ഭടനെപ്പോലെ എന്നുമാണ്‌ പറയുന്നത്‌. സാധാരണയായി മറിച്ചാണു പറയേണ്ടത്‌. സുന്ദരീ നീ പൂനിലാവു പോലെയിരിക്കുന്നു എന്നു പറയുന്നതിനേക്കാൾ ഭംഗി "പൂനിലാവു നിന്നെപ്പോലെയിരിക്കുന്നു" എന്നു പറയുമ്പോഴായിരിക്കും.

ചില വരികൾക്ക്‌ പോസിറ്റീവായ ഒന്നിലേറെ അർത്ഥങ്ങൾ


മറ്റു ചില പ്രയോഗങ്ങളും ഉപമകളും ബൂസൂരിക്ക്‌ മാത്രം കഴിയുന്നതുമാണ്‌. ഉദാഹരണം:7. പാണ്ഡിത്യത്തിന്റെ പക്വത. (The wisdom)

ഒരു കവി എന്നതിനേക്കാൾ കൂടുതൽ ഇമാം ബൂസുരി(റ) തികഞ്ഞ പണ്ഡിതനും കൂടിയാണ്‌. ഖസീദതുൽ ഹംസിയ്യ അടക്കം അദ്ദേഹത്തിന്റെ മുഴുവൻ കവിതകൾ വായിച്ചാലും നമുക്കതു മൻസ്സിലാക്കുവാൻ കഴിയും. കൂടാതെ അദ്ദേഹം പ്രസിദ്ധ സൂഫി വര്യൻ അബുൽ അബ്ബാസ്‌ അൽ മുർസിയുടെ ശിഷ്യനുമാണ്‌!.

8. വിട്ടു വീഴ്ച്ചയില്ലാത്ത ആദർശം (The Idealism)
മുസ്ലിംകൾ നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന പരമ്പരാഗത വിശ്വാസത്തിൽ വിട്ടു വീഴ്ച്ച ചെയ്യാൻ തയ്യാറല്ലെന്ന് ബൂസ്വീരി തന്റെ വരികൾ കൊണ്ട്‌ തെളിയിച്ചിട്ടുണ്ട്‌. അതേ സമയം അപദാനങ്ങളുടെയും പ്രശം
കളുടെയും പേരിൽ അതിർ വരമ്പുകൾ ലംഘിക്കാതിരിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്‌. അതു കൊണ്ടാണ്‌ അദ്ദേഹം പ്രത്യേകം ഇങ്ങനെ പറഞ്ഞത്‌:


ലോകത്തെ മറ്റേതു വിശ്വാസികളെയും പോലെ തന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക്‌ തിരുനബിയിൽ ബൂസ്വീരിയും പ്രതീക്ഷകളർപ്പിക്കുന്നു. അദ്ദേഹം പാടുന്നു:


2008, ജൂൺ 19

ബുർദയും ഞാനും

ഞങ്ങളുടെ നാട്ടിൻ പുറങ്ങളിലൊക്കെ മുമ്പ്‌ നടക്കാറുണ്ടായിരുന്ന രാത്രിയിലെ മത പ്രഭാഷണങ്ങളുടെ തുടക്കത്തിൽ ചൊല്ലാറുള്ള മനോഹരമായ വരികളിൽ നിന്നായിരിക്കാം ഞാനാദ്യമായി ബുർദയെ പരിചയപ്പെടുന്നത്‌. പിന്നീട്‌ പള്ളികളിലോതുന്ന കാലത്ത്‌ അദ്കിയ, റസാനത്‌, നഫായിസ്‌, തുടങ്ങിയ കവിതകളൊക്കെ എനിക്ക്‌ ഓതാൻ കഴിഞ്ഞെങ്കിലും ബുർദ പഠിക്കാനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ഒടുവിൽ പഠനം കഴിഞ്ഞ്‌ മർക്കസിൽ ജോലി ചെയ്യുന്ന സമയത്താണ്‌ ബുർദ പഠിക്കാനുള്ള കലശലായ ആഗ്രഹം വന്നത്‌. അങ്ങനെ ഇബ്രാഹിം അൽ ബാജൂരിയുടെ ബുർദ വ്യാഖ്യാനം സംഘടിപ്പിക്കുകയും ചെയ്തു. ആയിടക്കാണ്‌ എനിക്ക്‌ സൗദിയിലേക്ക്‌ ഒരു വിസ തരപ്പെട്ടത്‌. ഞാൻ റിയാദിലെത്തി. അവിടെ വെച്ച്‌ ബുർദ്ദ പഠിക്കാൻ തുടങ്ങുകയും ചെയ്തു. പഠിച്ചു കഴിഞ്ഞപ്പോഴാണ്‌ ഇതൊക്കെ ഒന്ന് എഴുതി വെച്ചാലെന്താണ്‌ എന്ന ഒരു തോന്നൽ വന്നത്‌. പരിഭാഷയും വ്യാഖ്യാനവും പദ്യാവിഷ്കാരവും അവിടെ വെച്ചു തന്നെ നടത്തി. 2001-ൽ ഞാനെഴുതിപ്പൂർത്തിയാക്കിയ പുസ്തകവുമായി മദീനയിൽ പോയി ആ തിരു സവിധത്തിൽ വെച്ച്‌ അതിനൊരു സമർപ്പണവുമെഴുതി.

പിന്നീട്‌ നാട്ടിൽ വന്ന് മർക്കസ്‌ ആർട്ട്സ്‌ കോളേജിൽ മലയാളാധ്യാപകനായി ജോലി ചെയ്യുന്ന സമയം എന്റെ പുസ്തകം ഒന്നു പൊളിച്ചെഴുതി. അന്നും എന്റെ പുസ്തകം പ്രസിദ്ധീകരിച്ചു കണാനുള്ള എന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 2003-ൽ വീണ്ടും പ്രവാസ ലോകത്തിലേക്ക്‌ വണ്ടി കയറി. ബർദ്ദുബൈയിലെ അൽ റഫ റോഡ്‌ അൽ-സഫ ടൈപിംഗ്‌ സെന്റെറിന്റെ വിസക്കാണ്‌ ഞാൻ യു.എ.ഇ. ലെത്തുന്നത്‌. ഒരു വർഷം അവിടെയും ഹോർലാൻസിലെ മറ്റൊരു ടൈപിംഗ്‌ സെന്റെറിലുമായി ജോലി ചെയ്ത ശേഷം ഷാർജയിലെ പാരീസ്‌ ഗ്രൂപ്‌ കമ്പനിയിലെത്തി. ഈ കാലയളവിലാണ്‌ ആയിടെ അബൂദാബിയിൽ നിന്നും ബസ്സാം ബാറൂടിന്റെ ടിപ്പണിയോടു കൂടി പുന: പ്രസിദ്ധീകരിച്ച ഇബ്‌നു ഹജറിന്റെ(റ) ശറഹ്‌ കാണാനിടയായത്‌. അക്കൊല്ലത്തെ ഷാർജ ബുക്‌ ഫെയറിൽ നിന്നും ഒരു കോപ്പി വാങ്ങുകയും ആ ശറഹിനെ ആസ്പദമാക്കി ഒന്നു കൂടി ബുർദയെ പുനർ നിർമ്മിക്കുകയും ചെയ്തു. പിന്നീട്‌ വെക്കേഷനു പോകുമ്പോഴും വെളിച്ചം കാണുമെന്ന പ്രതീക്ഷയിൽ ഉടുത്തൊരുക്കി അതിനെ നാട്ടിൽ കൊണ്ടു പോയി. പോയതു മിച്ചം. കൊണ്ടു പോയതു പോലെ അതു തിരിച്ചു കൊണ്ടു വന്നു.
പ്രതീക്ഷകളൊക്കെയും തകിടം മറിയുമ്പോഴും ചിലപ്പോഴൊക്കെ എനിക്ക്‌ ഉറക്കെ കരയാൻ തോന്നിയിരുന്നു. എന്നാലും ഞാൻ ബുർദയെ കൈവിട്ടില്ല. അല്ലെങ്കിൽ ബുർദ എന്നെ കൈവിട്ടില്ല. പിന്നെയുള്ള തിരിച്ചു വരവിനു ശേഷമാണ്‌ ശൈഖ്‌ മുഹമ്മദ്‌ ഈദ്‌ യഅഖൂബിന്റെ വ്യാഖ്യാനം എനിക്കു ലഭിക്കുന്നത്‌. ഇതും കൂടി ലഭിച്ചപ്പോൾ എന്റെ അറബിക്‌ വ്യഖ്യാനവും കൂടി മുഴുവനായി മാറ്റി എഴുതി.
ബുർദക്കു വേണ്ടി ഞാൻ ചിലവഴിച്ച നീ
ണ്ട സമയങ്ങൾക്കു മാത്രം പോരുന്ന ഒരു ഫലം നിങ്ങൾക്ക്‌ എന്റെ വ്യാഖ്യാനത്തിൽ നിന്ന് ലഭിച്ചിട്ടില്ലെങ്കിൽ എന്നോട്‌ ക്ഷമിക്കുക. എന്റെ പരിമിതികൾക്ക്‌ ഉള്ളിൽ നിന്നു കൊണ്ട്‌ എനിക്ക്‌ ഇത്രയൊക്കെയേ ചെയ്യാൻ കഴിയുകയുള്ളൂ. മലയാളത്തിൽ ചിലരൊക്കെ തുടങ്ങി വെച്ചതിൽ ഞാനും കുറച്ചു കൂടി പണിതു വച്ചു എന്നേയുള്ളൂ. ഇനിയും മിടുക്കന്മാരുണ്ടാവണം. കൂടുതൽ ദൂരം സഞ്ചരിക്കണം. ബുർദാ ശരീഫിന്‌ ഇനിയും നല്ല വ്യാഖ്യാനങ്ങളുണ്ടാവണം.