2010, ജൂലൈ 19

ബുർദയും എ.പി. ഉസ്താദും ഞാനും.


എന്റെ ബുർദാനുഭവങ്ങൾ:
ബുർദയും എ.പി. ഉസ്താദും ഞാനും.

എന്റെ ബുർദ വ്യാഖ്യാനത്തിന്‌ ഒരാശിർവാദം എഴുതി വാങ്ങിക്കാനായി അഞ്ചെട്ടു തവണ ഞാൻ എ.പി. ഉസ്താതിനെ സമീപിച്ചിരുന്നു. രണ്ടു വർഷം മുമ്പൊരിക്കൽ ഉസ്താദിനെ എന്റെ പുസ്തകം കാണിക്കുകയും അറബിയിൽ ഒരാശംസ വാങ്ങിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്റെ പക്കൽ നിന്നും അതിന്റെ ഒരിജിനൽ എവിടെയോ നഷ്ടപ്പെട്ടു പോയി. പിന്നീട് മലയാളത്തിൽ തന്നെ ഒരു ആശംസ വാങ്ങിക്കാനായി പലവട്ടവും ഞാൻ സമീപിച്ചു. ഉസ്താദിന്റെ തിരക്കുകൾക്കിടയിൽ എനിക്കീ വിഷയം അവതരിപ്പിക്കാനോ നേരിട്ട് കാണാൻ പോലുമോ കഴിഞ്ഞില്ല. അവസാനം ഉസ്താദ് ദുബായിലെത്തിയിട്ടുണ്ടെന്നറിഞ്ഞ ഉടനെ ഞാൻ ഉസ്താദ് താമസിക്കുന്ന ദേരയിലെ ഫ്ലോറ ക്രീക് ഹോട്ടലിൽ അതിരാവിലെ എത്തി. എന്റെ പുസ്തകത്തിന്റെ ആദ്യത്തെ കുറെ പേജുകളുടെ പ്രിന്റും കൈയ്യിലുണ്ടായിരുന്നു. ഉസ്താദ് പുസ്തകത്തിന്റെ ആദ്യത്തെ മൂന്നു പേജുകൾ സസൂക്ഷ്മം വായിച്ചു. ഊതിയൂതിക്കാച്ചിയെടുത്ത എന്റെ പുസ്തകത്തിൽ ഉസ്താദിനു കാണാൻ ഒരു തെറ്റുമുണ്ടാകരുതേ എന്നു ഞാൻ പ്രാർത്ഥിച്ചു. എന്നിട്ടും ഉസ്താദ് അതിലൊരു തെറ്റു കണ്ടു പിടിച്ചു. ഞാൻ എന്റെ അഹംബോധത്തെ ഇത്രയേറെ കുറ്റം പറഞ്ഞ മറ്റൊരു സന്ദർഭവുമുണ്ടായിക്കാണില്ല. തെറ്റു കണ്ടത് അറബിയിലായിരുന്നെങ്കിൽ എനിക്കല്ഭുതമില്ലായിരുന്നു. ഉസ്താദ് ആദ്യത്തെ പേജിൽ തന്നെ നോക്കി എന്നോടു പറഞ്ഞു: “ശ്രോദ്ധാവ്” എന്നെഴുതിയത് തെറ്റാണല്ലോ?. അപ്പോഴാണ്‌ ഞാനുമതു ശ്രദ്ധിക്കുന്നത്. പത്താം ക്ളാസ്സുവരേ മലയാളം, ഡിഗ്രിക്കും മലയാളം!!. എനിക്കു ലജ്ജ തോന്നി. അകാദമിക് വിദ്യാഭാസങ്ങൾ നാലാം ക്ളാസുകാർക്കു മുമ്പിൽ അടിയറവു പറയേണ്ടി വന്ന എന്റെ തല ആ വലിയ കണ്ണുകൾക്കു മുമ്പിൽ കുനിഞ്ഞു പോയി. ഞാനതു പിന്നീട് “ശ്രോതാവ്” എന്നു തിരുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ