
കട്ടയാടിന്റെ ബുർദാവ്യാഖ്യാനത്തിലെ പഠനങ്ങൾ.
പുസ്തകത്തിന്റെ ആ മുഖത്തിൽ ‘ഈ വ്യാഖ്യാനം ബുർദയെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളല്ല (ബുർദയുടെ പല പരാമർശങ്ങളും അത്തരം പഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്)..’ എന്നു പറയുന്നുണ്ടെങ്കിലും ഒരു പഠങ്ങളും ഇല്ലെന്നു വായനക്കാർ ധരിക്കരുത്. പ്രസക്തമായ ചില പഠനങ്ങൾ നിങ്ങൾക്ക് ബ്ലോഗിൽ വായിക്കാം.
ഒന്ന് – മൃഷ്ഠാന്ന ഭോജനം.
(ബുർദയുടെ ഇരുപത്തി രണ്ടാം വരിയുടെ വിശദീകരണത്തിൽ നിന്ന്)
മൃഷ്ഠാന്ന ഭോജനമാണ് മിക്കവാറും എല്ലാ രോഗങ്ങൾക്കും കാരണം. ഇസ്ലാം അതിനെ വല്ലാതെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഒരിക്കൽ ഒരവിശ്വാസി തിരുനബിയുടെ അതിഥിയായി എത്തി. അവിടുന്ന് അയാൾക്ക് ഒരാടിനെ കറന്ന് പാൽ കുടിക്കാൻ കൊടുക്കാൻ ഏർപ്പാടു ചെയ്തു. അയാൾക്കതു മതിയായില്ല. പിന്നീട് മറ്റൊന്നിനേയും കൂടി കറന്നെടുത്ത് നൽകാൻ ആവശ്യപ്പെട്ടു. എന്നിട്ടുമയാൾക്ക് വിശപ്പു മാറിയില്ല. അങ്ങനെ മൊത്തം ഏഴു ആടുകളെ കറന്ന പാൽ കുടിച്ച ശേഷം മാത്രം അയാൾ തൃപ്തനായി. ഇസ്ലാം മതം സ്വീകരിച്ച ശേഷം പിന്നീടൊരിക്കൽ അയാൾ അവിടുത്തെ മുമ്പിലെത്തി. തിരുനബി അന്നും ഒരാടിനെ കറന്ന് പാൽ കുടിക്കാൻ നൽകി. അതു മുഴുവൻ കുടിച്ച ശേഷം രണ്ടാമതൊരാടിന്റെ പാലും അയാൾക്കു നൽകി. പക്ഷെ അതും കൂടി കുടിച്ചു തീർക്കാൻ അയാൾക്കു സാധിച്ചില്ല. അവിടുന്നപ്പോൾ ഇങ്ങനെ അരുൾ ചെയ്തു: ‘ഒരു വിശ്വാസി ഒരു വയറിനുള്ളതു കഴിക്കുമ്പോൾ ഒരു അവിശ്വാസി ഏഴു വയറിനുള്ളതു കഴിക്കുന്നു‘.
തിർമുദിയും ഇബ്നു മാജയും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. ‘മനുഷ്യൻ നിറയ്ക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശമായ പാത്രം അവന്റെ വയറാണ്. നടു നിവർന്നു നിൽക്കാനുള്ള ഭക്ഷണം മാത്രം മതി അവന്. അതു പോരെങ്കിൽ വയറിന്റെ മൂന്നിലൊന്ന് അന്നത്തിനും മൂന്നിലൊന്ന് പാനീയത്തിനും ബാക്കി മൂന്നിലൊന്ന് ശ്വാസ്വോച്ഛാസത്തിനും വീത് വെയ്ക്കുക’.
കൂടുതലായി ഭക്ഷണം കഴിക്കുന്നതു കണ്ട അബൂ ജുഹൈഫയോട് തിരുനബി ഇങ്ങനെ പറഞ്ഞു: ‘ദുനിയാവിൽ ഏറ്റവുമധികം ഭക്ഷണം കഴിക്കുന്നവൻ പരലോകത്ത് ഏറ്റവും കൂടുതൽ വിശക്കുന്നവനായിരിക്കും’. ഒരു ദിവസം രണ്ടു നേരം ഭക്ഷണം കഴിക്കുന്നതു കണ്ട പത്നി ആയിഷ ബീവി(റ)യോട് തിരുനബി(സ) ഇങ്ങനെ അരുൾ ചെയ്തു: ‘രണ്ടു നേരം ഭക്ഷണം കഴിക്കൽ അമിത വ്യയത്തിൽ പെട്ടതാണ്. അമിത വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷടപ്പെടുന്നില്ല’. (പുറം 57-58)
കൂടുതലറിയാൻ പുസ്തകം വാങ്ങി വായിക്കുക. യു.എ.യിൽ പുസ്തകം ലഭിക്കാൻ വിളിക്കുക 050-786 94 50
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ