2008, ജൂൺ 19

ബുർദയും ഞാനും

ഞങ്ങളുടെ നാട്ടിൻ പുറങ്ങളിലൊക്കെ മുമ്പ്‌ നടക്കാറുണ്ടായിരുന്ന രാത്രിയിലെ മത പ്രഭാഷണങ്ങളുടെ തുടക്കത്തിൽ ചൊല്ലാറുള്ള മനോഹരമായ വരികളിൽ നിന്നായിരിക്കാം ഞാനാദ്യമായി ബുർദയെ പരിചയപ്പെടുന്നത്‌. പിന്നീട്‌ പള്ളികളിലോതുന്ന കാലത്ത്‌ അദ്കിയ, റസാനത്‌, നഫായിസ്‌, തുടങ്ങിയ കവിതകളൊക്കെ എനിക്ക്‌ ഓതാൻ കഴിഞ്ഞെങ്കിലും ബുർദ പഠിക്കാനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ഒടുവിൽ പഠനം കഴിഞ്ഞ്‌ മർക്കസിൽ ജോലി ചെയ്യുന്ന സമയത്താണ്‌ ബുർദ പഠിക്കാനുള്ള കലശലായ ആഗ്രഹം വന്നത്‌. അങ്ങനെ ഇബ്രാഹിം അൽ ബാജൂരിയുടെ ബുർദ വ്യാഖ്യാനം സംഘടിപ്പിക്കുകയും ചെയ്തു. ആയിടക്കാണ്‌ എനിക്ക്‌ സൗദിയിലേക്ക്‌ ഒരു വിസ തരപ്പെട്ടത്‌. ഞാൻ റിയാദിലെത്തി. അവിടെ വെച്ച്‌ ബുർദ്ദ പഠിക്കാൻ തുടങ്ങുകയും ചെയ്തു. പഠിച്ചു കഴിഞ്ഞപ്പോഴാണ്‌ ഇതൊക്കെ ഒന്ന് എഴുതി വെച്ചാലെന്താണ്‌ എന്ന ഒരു തോന്നൽ വന്നത്‌. പരിഭാഷയും വ്യാഖ്യാനവും പദ്യാവിഷ്കാരവും അവിടെ വെച്ചു തന്നെ നടത്തി. 2001-ൽ ഞാനെഴുതിപ്പൂർത്തിയാക്കിയ പുസ്തകവുമായി മദീനയിൽ പോയി ആ തിരു സവിധത്തിൽ വെച്ച്‌ അതിനൊരു സമർപ്പണവുമെഴുതി.

പിന്നീട്‌ നാട്ടിൽ വന്ന് മർക്കസ്‌ ആർട്ട്സ്‌ കോളേജിൽ മലയാളാധ്യാപകനായി ജോലി ചെയ്യുന്ന സമയം എന്റെ പുസ്തകം ഒന്നു പൊളിച്ചെഴുതി. അന്നും എന്റെ പുസ്തകം പ്രസിദ്ധീകരിച്ചു കണാനുള്ള എന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 2003-ൽ വീണ്ടും പ്രവാസ ലോകത്തിലേക്ക്‌ വണ്ടി കയറി. ബർദ്ദുബൈയിലെ അൽ റഫ റോഡ്‌ അൽ-സഫ ടൈപിംഗ്‌ സെന്റെറിന്റെ വിസക്കാണ്‌ ഞാൻ യു.എ.ഇ. ലെത്തുന്നത്‌. ഒരു വർഷം അവിടെയും ഹോർലാൻസിലെ മറ്റൊരു ടൈപിംഗ്‌ സെന്റെറിലുമായി ജോലി ചെയ്ത ശേഷം ഷാർജയിലെ പാരീസ്‌ ഗ്രൂപ്‌ കമ്പനിയിലെത്തി. ഈ കാലയളവിലാണ്‌ ആയിടെ അബൂദാബിയിൽ നിന്നും ബസ്സാം ബാറൂടിന്റെ ടിപ്പണിയോടു കൂടി പുന: പ്രസിദ്ധീകരിച്ച ഇബ്‌നു ഹജറിന്റെ(റ) ശറഹ്‌ കാണാനിടയായത്‌. അക്കൊല്ലത്തെ ഷാർജ ബുക്‌ ഫെയറിൽ നിന്നും ഒരു കോപ്പി വാങ്ങുകയും ആ ശറഹിനെ ആസ്പദമാക്കി ഒന്നു കൂടി ബുർദയെ പുനർ നിർമ്മിക്കുകയും ചെയ്തു. പിന്നീട്‌ വെക്കേഷനു പോകുമ്പോഴും വെളിച്ചം കാണുമെന്ന പ്രതീക്ഷയിൽ ഉടുത്തൊരുക്കി അതിനെ നാട്ടിൽ കൊണ്ടു പോയി. പോയതു മിച്ചം. കൊണ്ടു പോയതു പോലെ അതു തിരിച്ചു കൊണ്ടു വന്നു.
പ്രതീക്ഷകളൊക്കെയും തകിടം മറിയുമ്പോഴും ചിലപ്പോഴൊക്കെ എനിക്ക്‌ ഉറക്കെ കരയാൻ തോന്നിയിരുന്നു. എന്നാലും ഞാൻ ബുർദയെ കൈവിട്ടില്ല. അല്ലെങ്കിൽ ബുർദ എന്നെ കൈവിട്ടില്ല. പിന്നെയുള്ള തിരിച്ചു വരവിനു ശേഷമാണ്‌ ശൈഖ്‌ മുഹമ്മദ്‌ ഈദ്‌ യഅഖൂബിന്റെ വ്യാഖ്യാനം എനിക്കു ലഭിക്കുന്നത്‌. ഇതും കൂടി ലഭിച്ചപ്പോൾ എന്റെ അറബിക്‌ വ്യഖ്യാനവും കൂടി മുഴുവനായി മാറ്റി എഴുതി.
ബുർദക്കു വേണ്ടി ഞാൻ ചിലവഴിച്ച നീ
ണ്ട സമയങ്ങൾക്കു മാത്രം പോരുന്ന ഒരു ഫലം നിങ്ങൾക്ക്‌ എന്റെ വ്യാഖ്യാനത്തിൽ നിന്ന് ലഭിച്ചിട്ടില്ലെങ്കിൽ എന്നോട്‌ ക്ഷമിക്കുക. എന്റെ പരിമിതികൾക്ക്‌ ഉള്ളിൽ നിന്നു കൊണ്ട്‌ എനിക്ക്‌ ഇത്രയൊക്കെയേ ചെയ്യാൻ കഴിയുകയുള്ളൂ. മലയാളത്തിൽ ചിലരൊക്കെ തുടങ്ങി വെച്ചതിൽ ഞാനും കുറച്ചു കൂടി പണിതു വച്ചു എന്നേയുള്ളൂ. ഇനിയും മിടുക്കന്മാരുണ്ടാവണം. കൂടുതൽ ദൂരം സഞ്ചരിക്കണം. ബുർദാ ശരീഫിന്‌ ഇനിയും നല്ല വ്യാഖ്യാനങ്ങളുണ്ടാവണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ