2009, മാർ 28

ഖസീദതുൽ ബുർദ മലയാള വ്യാഖ്യാനങ്ങൾ.

പരമ്പര - ഒന്ന്
"ഖസീദതുൽ ബുർദ: പദ്യ വിവർത്തനം, സവ്യാഖ്യാനം"
ഗ്രന്ഥ കർത്താവ്‌: മൈലാപ്പൂരു ഷൗക്കത്താലി മൗലവി.
പ്രസാധനം: കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്‌.
വില: 100 രൂപ
ആദ്യ പതിപ്പ്‌: മെയ്‌. 2005
-----------

ഏകദേശം പത്തോളം മലയാള ബുർദ വ്യാഖ്യാനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്‌. അതിൽ തിരൂരങ്ങാദിയിലെ C.H പ്രസ്സ്‌ പുറത്തിറക്കിയ ബുർദ
വിവർത്തനമൊഴികെ മറ്റെല്ലാം ബുർദയുടെ ആശയങ്ങളോട്‌ നീതി പുലർത്തുന്നവയാണ്‌. അത്‌ അവർ മൗലിദ്‌ കിതാബുകൾ പോലെ ബിസിനസ്സ്‌ ആവശ്യാർത്ഥം യൂണിവേർസിറ്റി വിദ്യാർത്ഥികൾക്കു വേണ്ടി പുറത്തിറക്കിയതാണ്‌. (ബിസിനസ്സിൽ ചിലർക്ക്‌ "ശിർക്കുകൾ" ഒന്നും പ്രശ്നമാകാറില്ല.)

മറ്റെല്ലാ
ബുർദ വ്യാഖ്യാനങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച കൈകളെ നാം പ്രശംസിക്കണം. പക്ഷേ ദു:ഖകരമെന്ന് പറയട്ടെ, പല വ്യാഖ്യാനങ്ങളുടെയും ഭാഷ വളരെ നിലവാരം കുറഞ്ഞതാണ്‌. ചില വ്യാഖ്യാനങ്ങളിൽ വ്യഖ്യാതാക്കളുടെ അറബി ഭാഷ പരിജ്ഞാനക്കുറവും പ്രകടമാണ്‌.
എന്നാൽ എന്നെ ഏറ്റവുമധികം ആകർഷിച്ച
ബുർദ മലയാള വ്യാഖ്യാനം മൈലാപ്പൂരു ഷൗക്കത്താലി മൗലവിയുടെ "ഖസീദതുൽ ബുർദ പദ്യ വിവർത്തനം സവ്യാഖ്യാനം" എന്ന പുസ്തകമാണ്‌. രണ്ടു ഭാഷയിലും പ്രത്യേകിച്ച്‌ മലയാള കവിതയിലുമുള്ള അദ്ദേഹത്തിന്റെ പാഠവം സമ്മതിച്ചു കൊടുക്കേണ്ടതു തന്നെയാണ്‌. നിരവധി അലങ്കാരങ്ങളാൽ സമ്പുഷ്ടമായ ബുർദയിലെ അലങ്കാരങ്ങളെ പലതും ലക്ഷണങ്ങൾ നിരത്തി മലയാളത്തിൽ തന്നെ വിശദീകരിക്കാൻ നടത്തിയ ശ്രമം മറ്റൊരു പുസ്തകത്തിലും കണ്ടിട്ടില്ല.ബുർദയുടെ ഓരോ വരിക്കും രണ്ട്‌ ഈരടികളിലായി പദ്യ വിവർത്തനം ഷൗകത്താലി മൗലവി നടത്തിയിട്ടുണ്ട്‌. ബുർദയുടെ പദ്യ വിവർത്തനത്തിന്‌ അദ്ദേഹം ഏകദേശം നാൽപതു വർഷം മുമ്പു തന്നെ തുടക്കം കുറിച്ചിരുന്നുവേന്നും ആമുഖത്തിൽ പറയുന്നുണ്ട്‌. അതിനു മുമ്പ്‌ മറ്റാരെങ്കിലും അങ്ങിനെ ചെയ്തിട്ടുണ്ടോ എന്നും തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. മൊയ്തു മൗലവിക്കൊരു പദ്യവിവർത്തനമുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്‌. കുറെ മുമ്പ്‌ ചന്ദ്രികയിൽ വഞ്ചിപ്പാട്ടിന്റെ രീതിയിൽ ഒരു ബുർദ പദ്യാവിഷ്കാരം പ്രസിധീകരിച്ചിരുന്നുവേന്ന് ഒരു സുഹൃത്ത്‌ എന്നോട്‌ പറഞ്ഞതായി ഓർക്കുന്നു. പക്ഷേ ഇതു രണ്ടും ഞാൻ കണ്ടിട്ടില്ല. (ഇതു വായിക്കുന്ന ആരുടെയെങ്കിലും കൈവശം അവയുണ്ടെങ്കിൽ ഈയുള്ളവനെ അറിയിക്കണമെന്നപേക്ഷിക്കുന്നു)
ജനാബ്‌: മയിലാപ്പൂരു നന്നായി അറബി അറിയുന്ന ഒരു പണ്ഡിതനാണ്‌. അദ്ദേഹം വ്യാഖ്യാനത്തിൻ ആശ്രയിച്ച അറബി ഗ്രന്ഥം ബാജൂരിയാണ്‌ എന്ന് ആമുഖത്തിൽ പറയുന്നുണ്ട്‌. അദ്ദേഹത്തിന്റെ മലയാളം കവിതകൾ ആശാൻ കവിതകളെ ഓർമ്മിപ്പിക്കുന്നു. അത്‌ സാധാരണക്കാർക്ക്‌ അത്രമേൽ ദഹിക്കില്ല. പക്ഷേ ഭാഷ പണ്ഡിതന്മാർ രണ്ടു കൈയ്യും നീട്ടി അതു സ്വീകരിക്കും. നിലവാരമുള്ള പുറം ചട്ട. ഭംഗിയുള്ള ടൈപ്‌ സെറ്റിംഗ്‌, ഒരൊതുങ്ങിയ പുസ്തകം. എന്നാൽ അറബി ഫോണ്ടുകൾ കുറച്ചു കൂടി "അഡ്‌വാൻസ്ഡ്‌" ആക്കാമായിരുന്നു. എങ്ങനെയായാലും മറ്റുള്ളവരുടെ മുമ്പിൽ കാണിച്ചു കൊടുക്കാൻ പറ്റിയ ഒരു വ്യാഖ്യാനമാകുന്നു മയിലപ്പൂരു ശൗക്കത്താലി മൗലവിയുടെ
ബുർദ .

3 അഭിപ്രായങ്ങൾ:

  1. എന്റെ അറിവിൽ കേരളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനും ചിന്തകനുമായ ബഷിർ ഫൈസി വെണ്ണക്കോട് ബുർദ യുടെ വിശദമായ വ്യഖ്യാനത്തിനു തുടക്കം (പണിപ്പുരയിൽ) കുറിച്ചിരിക്കുന്നു എന്നാണ്. കൂടുതൽ വിവരരങ്ങൾ ലഭ്യമാവുമ്പോൾ അറിയിക്കാം .

    മറുപടിഇല്ലാതാക്കൂ
  2. ബഷീർ ഫൈസി ബുർദയ്ക്കു വ്യഖ്യാനമെഴുതുന്നു എന്നു കേട്ടതിൽ വളരെ സന്തോഷം. പക്ഷേ ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ബുർദയെ വ്യാഖ്യാനിക്കുന്നവരൊക്കെ നന്നായിട്ട് വിയർക്കേണ്ടി വരും. അടുത്തറിയുമ്പോഴേ അതിന്റെ കടുപ്പം മനസ്സിലാവൂ - അതിന്റെ മാധുര്യവും.

    മറുപടിഇല്ലാതാക്കൂ